നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ (Dileep)സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. ഹോട്ടൽ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു. ഇയാൾ പുറത്തുവിട്ട ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ മാധ്യമവാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിൽ രഹസ്യവിചാരണ നടത്തണമെന്ന കോടതി ഉത്തരവ് ലംഘിക്കുന്നതാണ് മാധ്യമവാർത്തകളെന്നാണ് ദിലീപിന്‍റെ ആരോപണം. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം. രഹസ്യവിചാരണയുടെ മാർഗനിർദേശം ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി വേണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യം. സാക്ഷി വിസ്താരം  അവസാനഘട്ടത്തിലെത്തി നിൽക്കുന്ന കേസിൻറെ വിചാരണ അട്ടിമറിക്കാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയിലൂടെ പൊതുജന മധ്യത്തിൽ തന്നെ അവഹേളിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാൽ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു. രാവിലെ കോടതിയിൽ 3 പേരുടെ പുനർവിസ്താരത്തിന് അനുമതി നൽകുന്നതായി ജസ്റ്റിസ് കൌസർ എടപ്പഗത്ത് അറിയിച്ചെങ്കിലും ഉത്തരവിൽ നിന്ന് ഇത് ഒഴിവാക്കി.