ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്ക് കൊവിഡ്19 വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം.

ആനല്‍സ് ഓഫ് ബിഹേവിയറല്‍ മെഡിസിന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്മര്‍ദം നേരിടുന്നവരില്‍ സാര്‍സ്‌കോവ്2 അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതായി പഠനത്തില്‍ പറയുന്നു.

നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ കവിത വേദര, ലണ്ടനിലെ കിംഗ്സ് കോളജ്, ന്യൂസിലാന്റിലെ ഓക്ക്ലന്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മാനസിക സമ്മര്‍ദം അനുഭവിക്കുന്ന ആളുകള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ എന്നറിയുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. കവിത വേദര പറഞ്ഞു. 1,100 മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. 2020 ഏപ്രിലില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഉയര്‍ന്ന മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ കൊവിഡ് 19 അണുബാധയും ലക്ഷണങ്ങളും കൂടുതലായി കാണപ്പെടുന്നതായാണ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് കവിത വേദര വ്യക്തമാക്കി.