കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ (K Sudhakaran) എന്‍സിപി സംസ്ഥാന പ്രസിഡന്‍റെ പി സി ചാക്കോ. സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരനാണെന്ന് പി സി ചാക്കോ വിമര്‍ശിച്ചു. സുധാകരനിൽ നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ല എന്നും പി സി ചാക്കോ പറഞ്ഞു. താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും. സിൽവർ ലൈൻ പ്രതിപക്ഷത്തിന്റെ നിലനിൽപ്പിനായുള്ള സമരമെന്നും പി സി ചാക്കോ കോഴിക്കോട് പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തോടുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെഎസ്‍യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡും രംഗത്തെത്തിയിരുന്നു. ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളായ കെഎസ്‍യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ഡേവിഡിന്‍റെ രാജി പ്രഖ്യാപനം.