പഴയ പ്രഭാവമില്ലെങ്കിലും ഉത്തര്‍ പ്രദേശ് (Uttar Pradesh) നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി (Yogi Adityanath) സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഇന്ത്യാ ന്യൂസ് ജന്‍ കീ ബാത്ത് (Jan Ki Baat Survey) സര്‍വേഫലം. ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം കൊഴിഞ്ഞ് പോക്ക് നേരിട്ടെങ്കിലും അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക. മായാവതിയുടെ ബിഎസ്പിക്ക് 8 മുതല്‍ 12 വരെ സീറ്റും കോണ്‍ഗ്രസ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേയില്‍ കണ്ടെത്തി.

39 മുതല്‍ 40 ശതമാനം വരെ വോട്ട് ഷെയറാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 4 മുതല്‍ 6 ശതമാനം വരെ മാത്രമാകും വോട്ട് ലഭിക്കുക. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുമെന്നതിന് 56 ശതമാനം ആളുകളുംഅഖിലേഷ് യാദവ് മുഖ്യമന്ത്രിയാവുന്നതിന് 32 ശതമാനം ആളുകളുടെ പിന്തുണയുമാണ് ലഭിച്ചത്. പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രിയാവണമെന്നതിന് പിന്തുണ നല്‍കിയത് വെറും 2 ശതമാനം ആളുകളാണ്. വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ തന്നെയാവാനാണ് സാധ്യതയെന്നാണ് സര്‍വേ പറയുന്നത്. വികസനത്തിന് വേണ്ടി 20 ശതമാനം ആളുകളും ശക്തമായ നിയമ സംവിധാനത്തിനായി 20 ശതമാനം ആളുകളും വോട്ടുകള്‍ രേഖപ്പെടുത്താന്‍ ഒറുങ്ങുമ്പോള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് 25 ശതമാനം ആളുകളാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനേക്കാളും മോദി പ്രഭാവത്തിന് തന്നെയാണ് വോട്ട് കൊണ്ടുവരാനാവുകയെന്ന് നിരീക്ഷിക്കുന്നത് 85 ശതമാനം പേരാണ്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയും വോട്ടാകുമെന്നാണ് സര്‍വേ വിശദമാക്കുന്നത്. യോഗി ആദിത്യനാഥ് മഥുരയില്‍ നിന്ന് ജനവിധി തേടണമെന്നതിന് 45 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. പശ്ചിമ യുപിയിലടക്കം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന കോണ്‍ഗ്രസ് അവകാശവാദം വിലപ്പോവില്ലെന്നാണ് ഒടുവിലായി എത്തുന്ന സര്‍വേ വിശദമാക്കുന്നത്. മായാവതിയ്ക്കൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷ നേതാക്കള്‍ അഖിലേഷിനൊപ്പം പോകുമെന്നും സര്‍വേ നല്‍കുന്നു. പഞ്ചാബില്‍ തിളങ്ങുക ആം ആദ്മി പാര്‍ട്ടിയാകും. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര പ്രശ്നങ്ങള്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേടും. ഒറ്റയ്ക്ക് അധികാരത്തിലെത്താനും കേവല ഭൂരിപക്ഷം നേടാനും ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കുമെന്നും സര്‍വേ നിരീക്ഷിക്കുന്നു. 58മുതല്‍ 65 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. വോട്ട് ഷെയറില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും അമരീന്ദര്‍ സിംഗിന്‍റഎ പാര്‍ട്ടിയുടെ അടക്കം പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു.