ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. ശിവൻ മുഹമ്മ (കൈരളി ടിവി) പ്രസിഡന്റായ  കമ്മറ്റിയാണ് അടുത്ത രണ്ടു വർഷം   ചാപ്റ്ററിനെ നയിക്കുക.

സെക്രട്ടറി: പ്രസന്നൻ പിള്ള (കൈരളി ടിവി), ട്രഷറർ:  അനിൽ മറ്റത്തിക്കുന്നേൽ (ഏഷ്യാനെറ്റ് ), വൈസ് പ്രസിഡണ്ട്: ജോയിച്ചൻ പുതുക്കുളം (ഫ്രീലാൻസ് ജേർണലിസ്റ്റ് ), ജോയിന്റ് സെക്രട്ടറി:  വർഗ്ഗീസ് പാലമലയിൽ (മാസപ്പുലരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അനിലാൽ ശ്രീനിവാസൻ,  ചാക്കോ മറ്റത്തിൽപറമ്പിൽ, അല്ലൻ ജോർജ്, സാജു കണ്ണമ്പള്ളി, റോയ് മുളക്കുന്നം, ഡോ. സിമി ജെസ്റ്റോ, ജോർജ് ജോസഫ്, റോസ് വടകര, ഷാനാ മോഹൻ, റോമിയോ കാട്ടൂക്കാരൻ, സരിതാ മേനോൻ എന്നിവർ ബോർഡ് മെംബർമാരായി പ്രവർത്തിക്കും.

ചാപ്റ്ററിനെ കഴിഞ്ഞ രണ്ടു വർഷക്കാലം നയിക്കുകയും ഈ വർഷം നാഷണൽ  വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബിജു സഖറിയാ (ഫ്‌ളവേഴ്‌സ് ടിവി) യുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് മീറ്റിങ്ങിൽ വച്ചാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.

ശിവൻ മുഹമ്മ കൈരളി ടിവി യുഎസ്എ യുടെ ഡയറക്ടർ ആണ്. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ, നാഷണൽ സെക്രട്ടറി, ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

സെക്രട്ടറി  പ്രസന്നൻ പിള്ള കൈരളി ടിവി യുഎസ്എ യുടെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ ഭരണ സമിതിയിലും സെക്രട്ടറിയായി പ്രവർത്തിക്കുകയും, ചിക്കാഗോയിൽ  നടന്ന   പ്രസ്‌ക്ലബ്ബിന്റെ  അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന്റെ രജിഷ്ട്രേഷൻ കമ്മറ്റിക്ക് ശ്ലാഘനീയമാം വിധത്തിൽ നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ട്രഷറർ   അനിൽ മറ്റത്തിക്കുന്നേൽ, ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു. കെവി ടിവി യുടെ സഹസ്ഥാപകരിൽ ഒരാളും  എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും ആയി പ്രവർത്തിച്ചു  മാധ്യമ രംഗത്തേക്ക് എത്തിയ അദ്ദേഹത്തിന്  ഈ കഴിഞ്ഞ വർഷം നടന്ന അന്താരാഷ്‌ട്ര മീഡിയാകോൺഫറൻസിൽ മികച്ച ഓൾറൗണ്ടർ മാധ്യമ പ്രവർത്തകനുള്ള  മീഡിയാ എക്‌സലൻസ്  അവാർഡ് സമ്മാനിച്ചിരുന്നു.

വൈസ്പ്രസിഡന്റ്  ജോയിച്ചൻ പുതുക്കുളം, അമേരിക്കയിലെ സീനിയർ ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രവർത്തിച്ചുവരുന്ന  അദ്ദേഹത്തിന്റെ വാർത്തകൾ  എല്ലാ മുഖ്യധാരാ മലയാള മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാത്ത ദിവസങ്ങൾ ഒരുകാലത്ത്  ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ചിക്കാഗോയിലെ എന്ന് മാത്രമല്ല നോർത്ത് അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക സംഘടനാ രംഗങ്ങളിൽ സുപരിചിതനാണ് അദ്ദേഹം.

ജോയിന്റ് സെക്രട്ടറി വർഗ്ഗീസ് പാലമലയിൽ  ചിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സുപരിചിതനാണ്.   2006 മുതൽ മാസപ്പുലരി   മാസികയുടെ മാനേജിങ്ങ് ഡയറക്ടർ.

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുൻ ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ടും, മുൻ നാഷണൽ പ്രസിഡന്റുമായ ബിജു കിഴക്കേക്കുറ്റിനെയും , നാഷണൽ വൈസ്  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു സഖറിയായെയും യോഗം അഭിനന്ദിച്ചു.

മികച്ച രീതിയിൽ നടത്തപ്പെട്ട മീഡിയ കോൺഫറൻസിന് ശക്തമായ  നേതൃത്വം  നൽകിയ ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മറ്റിയേയും, എല്ലാ അംഗങ്ങളെയും  ബിജു കിഴക്കേക്കുറ്റ് അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്തു.

ചുമതല ഏറ്റെടുത്ത ശിവൻ മുഹമ്മ, യോഗത്തിൽ പങ്കെടുക്കുകയും മികച്ച ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്ത ചാപ്റ്റർ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും, ഭരമേല്പിച്ച ഉത്തരവാദിത്വം , മികച്ച രീതിയിൽ നിറവേറ്റുവാനും ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ നാഷണൽ കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് തുടരുവാനും  ശ്രമിക്കുമെന്നും അറിയിച്ചു.