ഏറെ കാലമായി ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരിക്കുകയാണ് ടെസ്‌ലയെ. എന്നാല്‍ പല കാരണങ്ങളാലും കമ്ബനിയുടെ വരവ് ഏറെ വൈകുകയാണ്.

ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്നതാണ് അമേരിക്കക്കാരെ ഇത്രയും ജനപ്രിയമാക്കിയത്.

 ടെസ്‌ല കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ 2019 മുതല്‍ തന്നെ ഉടമസ്ഥനായ എലോണ്‍ മസ്‌ക് നീക്കം നടത്തിവരികയാണ്. എന്നാല്‍ അടുത്തൊന്നും ഇന്ത്യന്‍ നിരത്തുകളില്‍ ഇവയെ കാണാനാവില്ലന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

ടെസ്‌ലയുടെ ഇലക്‌ട്രിക് കാറുകള്‍ എപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നുള്ള ഒരു ആരാധകന്റെ ട്വിറ്റര്‍ ചോദ്യത്തിന് മറുപടിയായാണ് കമ്ബനി രാജ്യത്ത് പല വെല്ലുവിളികളും നേരിടുന്നതായി മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. നികുതി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്‌ല യാഥാര്‍ഥ്യമാവാന്‍ വൈകുന്നത്.

സര്‍ക്കാരുമായി ഇപ്പോഴും ഒരുപാട് വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്. നിലവില്‍ 100 ശതമാനം ഡ്യൂട്ടിയില്‍ നില്‍ക്കുന്ന സിബിയു ഇറക്കുമതി ചെയ്ത ഇലക്‌ട്രിക് കാറുകളുടെ നികുതി കുറയ്ക്കുന്നതിനായി മസ്‌ക് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കാര്‍ ഇന്ത്യയിലെത്തിക്കാന്‍ ഒരുപാട് വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സൂചനയാണ് ട്വീറ്റിലൂടെ എലോണ്‍ മസ്‌ക് പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ മസ്‌കിന്റെ ട്വീറ്റിന് കേന്ദ്രത്തില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. CKD ഇറക്കുമതിയില്‍ ഇറക്കുമതി തീരുവയുടെ ആനുകൂല്യം ടെസ്‌ലയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് കേന്ദ്രം പറയുന്നത്.

ഇതിന് കമ്ബനി പ്രാദേശിക അസംബ്ലി പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കള്‍ക്കായി ഇന്ത്യയില്‍ ഒരു PLI സ്കീം നിലവിലുണ്ട്. ഇതിന് കീഴില്‍ പ്രാദേശിക ഉത്പാദനത്തില്‍ ടെസ്‌ലയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

ലോകത്ത് ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ അതേ ബ്രാക്കറ്റിലാണ് സര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനങ്ങളെ ഉള്‍പ്പെടുത്തുന്നതെന്നും അത് അനുയോജ്യമല്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള സാധ്യത നിര്‍ണയിക്കാന്‍ പൂര്‍ണമായും ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ ഉപയോഗിച്ച്‌ വിപണി പ്രതികരണം പരിശോധിക്കാനാണ് കമ്ബനി ആദ്യം പദ്ധതിയിട്ടിരുന്നത്.

ഇവികളുടെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള ടെസ്‌ലയുടെ ആഹ്വാനത്തിന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ കുറച്ച്‌ കാര്‍ നിര്‍മാതാക്കളില്‍ നിന്ന് വന്‍ പിന്തുണയും ലഭിച്ചിരുന്നു. നിലവില്‍ ഹ്യുണ്ടായി കോന ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുമുണ്ട്.

അത് പ്രാദേശികമായി അസംബിള്‍ ചെയ്തതാണ്. കൂടാതെ ഉടന്‍ തന്നെ പൂര്‍ണമായും ഇറക്കുമതി ചെയ്ത അയോണിക് 5 ഇലക്‌ട്രിക് കാര്‍ കമ്ബനിയുടെ ശ്രേണിയിലേക്ക് ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും തുടര്‍ന്ന് കുറച്ച്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവി പുറത്തിറക്കാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കുറച്ചുകാലമായി ടെസ്‌ലയെ പ്രാദേശിക നിര്‍മാണത്തിനായി പ്രേരിപ്പിച്ചുവരികയാണ്. ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ബ്രാന്‍ഡിന് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും മന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും അത്തരമൊരു പ്രതിബദ്ധതയ്ക്ക് മുമ്ബ് ഇറക്കുമതി ചെയ്ത കാറുകള്‍ ഉപയോഗിച്ച്‌ പരീക്ഷിക്കാനാണ് ടെസ്‌ല ഇപ്പോഴും ആഗ്രഹിക്കുന്നത്.

കര്‍ണാടകയിലെ ബെംഗളൂരുവില്‍ ആസ്ഥാനമായി ടെസ്‌ല ഇന്ത്യ മോട്ടോര്‍സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമാത്രമല്ല ബ്രാന്‍ഡ് തങ്ങളുടെ ഉന്നത ഔദ്യോഗിക പ്രതിനിധികളെ നിയമിക്കുകയും ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ കമ്ബനിയുടെ ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറക്കാനും നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.

ഇറക്കുമതി കുറച്ചാലേ ബജറ്റ് വിലയില്‍ ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാകൂവെന്നാണ് ടെസ്‌ല പറയുന്നത്. എന്നാല്‍ കേന്ദ്രം ഇതുവരെ ഇതിനു വഴങ്ങിയിട്ടില്ല. ടെസ്‌ല ഇതിനകം തന്നെ ഇന്ത്യയില്‍ ഏഴ് മോഡലുകള്‍ ഹോമോലോഗ് ചെയ്തിട്ടുണ്ട്. അതില്‍ ബ്രാന്‍ഡിന്റെ മോഡല്‍ 3, മോഡല്‍ Y ഇലക്‌ട്രിക്കിന്റെ ഒന്നിലധികം വകഭേദങ്ങളും ഉള്‍പ്പെടുന്നു.

ഈ രണ്ട് വാഹനങ്ങളും നിരവധി തവണ റോഡ് ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ ചൈനീസ് നിര്‍മിത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അമേരിക്കന്‍ ഇലക്‌ട്രിക് കമ്ബനിയോട് ആവശ്യപ്പെട്ടിരുന്നു.

ഇവികള്‍ ഇവിടത്തെ ഫാക്ടറികളില്‍ പൂര്‍ണമായും നിര്‍മിക്കണമെന്നും ഇവിടെനിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെസ്‌ല യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഇലക്‌ട്രിക് കാറായ മോഡല്‍ 3 ആകും ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കപ്പെടുക. ആഗോളതലത്തില്‍ സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളിലാണ് ഈ ഇലക്‌ട്രിക് സെഡാന്‍ വാഗ്ദാനം ചെയ്യുന്നത്.