അബുദാബി: യുഎഇയിലെ സ്‌കൂളുകളിലും സർവ്വകലാശാലകളിലും ഓൺലൈൻ ക്ലാസ് ഈ മാസം 21 വരെ തുടരും. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം അവസാനം വരെ നേരിട്ട് പരീക്ഷകൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

ശൈത്യകാല അവധി കഴിഞ്ഞ് ജനുവരി മൂന്നിന് സ്‌കൂൾ തുറക്കാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഒമിക്രോൺ വ്യാപിച്ചതോടെ 2 ആഴ്ചത്തേക്കു യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകൾ നിബന്ധനകളോടെ നേരിട്ട് ക്ലാസുകൾക്ക് അനുമതി നൽകി. എന്നാൽ ഈ എമിറേറ്റുകളിലും ചില സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. ചില വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൊറോണ സ്ഥരീകരിച്ചതടക്കം കാരണങ്ങളാലാണ് ഇത്തരം സ്‌കൂളുകൾ ഓൺലൈൻ രൂപത്തിലേക്ക് മാറിയത്.