വാഷിംഗ്ടണ്‍: കഴിഞ്ഞ ഒറ്റ വര്‍ഷം മാത്രം ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ കട്ടുമുടിച്ച്‌ 400 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോകറന്‍സി എന്ന റിപ്പോര്‍ട്ട്.

പ്രമുഖ ബ്ലോക്ക് ചെയിന്‍ അനാലിസിസ് കമ്ബനിയായ ചെയ്‌നാലിസിസ് ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

നിക്ഷേപക ശൃംഖലകളിലും, കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലും നടന്ന സൈബര്‍ ആക്രമണങ്ങളിലാണ് പണം അധികം നഷ്ടപ്പെട്ടിരിക്കുന്നത്. ഫിഷിങ്, മാല്‍വയര്‍ മുതലായി ഒന്നിലധികം തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ കറന്‍സി ചോര്‍ത്തിയിരിക്കുന്നത്.

ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ ഇന്റര്‍നെറ്റുമായും ക്രിപ്റ്റോകറന്‍സി നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഹാക്കിങ്ങിന് സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ, അനവധി നിക്ഷേപകരാണ് ഓഫ്‌ലൈനില്‍ ഉള്ള കോള്‍ഡ് സ്റ്റോറേജുകളിലേക്ക് തങ്ങളുടെ കറന്‍സി നിക്ഷേപം മാറ്റുന്നത്.

നിരന്തരമായുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഉത്തര കൊറിയ തുടര്‍ച്ചയായി നിഷേധിക്കുകയാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ച ഹാക്കര്‍മാരുടെ ശൃംഖല, സര്‍ക്കാര്‍ പിന്തുണയോടെ ഹാക്കിങ് നടക്കുന്ന ഉത്തര കൊറിയയിലാണെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.