സോഫിയ : ബള്‍ഗേറിയന്‍ പാലര്‍മെന്റിലേക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച്‌ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭകര്‍.

സോഫിയ നഗരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന വന്‍ റാലിയ്ക്കിടെയാണ് സംഭവം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളുo ഉണ്ടായി. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹെല്‍ത്ത് പാസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 3,000ത്തോളം പേരാണ് പാര്‍ലമെന്റിന് മുന്നില്‍ ഇന്നലെ തടിച്ചുകൂടിയത്.ഭരണകൂടം ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് പാസ് തങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും വാക്സിനേഷനെടുക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതിനുള്ള ഒരു പിന്‍വാതില്‍ മാര്‍ഗമാണതെന്നും പ്രതിഷേധക്കാര്‍ ആരോപണം ഉയര്‍ത്തുന്നു.

ചുറ്റുമുള്ള പൊലീസ് വലയത്തെ തള്ളിനീക്കി പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുന്‍വാതിലുകള്‍ വരെ എത്തുകയും അധികൃതര്‍ പുറത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തീവ്ര ദേശീയവാദി പാര്‍ട്ടിയായ റിവൈവല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു റാലി.

‘ സ്വാതന്ത്ര്യം ” എന്ന മുദ്രാവാക്യത്തോടെ നടന്ന റാലിയില്‍ കൊവിഡിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആക്രോശിച്ചു. ബള്‍ഗേറിയയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും ഹെല്‍ത്ത് പാസ് കൈയില്‍ കരുതുകയും വേണം. വാക്സിനേഷന് വിധേയമായവര്‍, കൊവിഡ് മുക്തര്‍, കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ എന്നിവര്‍ക്ക് നല്‍കുന്നതാണ് ഹെല്‍ത്ത് പാസ്.