ദുബൈ: എക്സ്പോ 2020 വേദിയിലെത്തുന്ന (Expo 2020) സന്ദര്‍ശകരുടെ എണ്ണം ഈ വരുന്ന ഞായറാഴ്‍ചയോടെ 10 ദശലക്ഷം (10 million visitors) കവിയുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണം ഒരു കോടിയിലെത്തുന്ന ദിവസത്തെ ആഹ്ലാദം പങ്കുവെയ്‍ക്കാനായി പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി 16ന് എക്സ്പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് (Entry ticket) സ്വന്തമാക്കാം.

നിരവധി ആഘോഷ പരിപാടികളും എക്സ്പോ വേദിയില്‍ ഞായറാഴ്‍ച അരങ്ങേറും. വെള്ളിയാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ ഓണ്‍ലൈനായും അല്ലെങ്കില്‍ എക്സ്പോ ഗേറ്റുകളിലും ഞായറാഴ്‍ചയിലേക്കുള്ള എന്‍ട്രി ടിക്കറ്റുകള്‍ ലഭ്യമാവും. സീസണ്‍ പാസുള്ളവര്‍ക്ക് അധിക ഫീസുകളൊന്നുമില്ലാതെ തന്നെ പ്രവേശനം അനുവദിക്കും. കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലമോ നിര്‍ബന്ധമാണ്. വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്യാം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020, മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും.