കൊല്ലം: യാത്രക്കിടെ ബസ്സിൽ വച്ച് ഹൃദയാ​ഘാതമുണ്ടായ യുവാവിന് തുണയായത് അതേ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന നഴ്സ്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്സിന്റെയും ബസ് വനിതാ കണ്ടക്ട‍ർ ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവ‍ർ ഉടൻ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി.

തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപ്പ‍ർഫാസ്റ്റ് ബസ്സിൽ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. കൊട്ടിയത്തിനും ഉ‌മയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെ ശിലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടൻ ബസ് നി‍ർത്തിച്ചു. ബസ്സിലുണ്ടായിരുന്ന ലിജി ഉടൻ ഓടിയെത്തി സിപിആ‍ നൽകി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടത് ലിജിയാണ്.

ബസ് ഡ്രൈവ‌‍ർ ശ്യാം കുമാ‍ർ ഉടൻ തന്നെ  ബസ് അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. രോ​ഗിയെ ഉടൻ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇയാൾ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അടുത്തിരുന്ന ചിലരോട് യുവാവ് വെള്ളം ചോദിക്കുന്നത് കണ്ടിരുന്നുവെന്നും എന്നാൽ ആരുടെ പക്കലും വെള്ളമുണ്ടായിരുന്നില്ലെന്നും അൽപ്പസമയം കഴിഞ്ഞപ്പോഴാണ് യുവാവ് ബോധരഹിതനായതെന്നും ശാലിനി പറഞ്ഞു.