കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എസ്. ഹരിശങ്കര്‍. പ്രതിഭാഗത്തിന്റെ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അപ്പീലിന് പോകണമെന്നും ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുന്‍ എസ്.പി എസ്. ഹരിശങ്കര്‍ വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും ഹരിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു വിധിയെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ എല്ലാം കൂറുമാറാതെ സാക്ഷി പറഞ്ഞിട്ടും കുറ്റകൃത്യങ്ങള്‍ നടന്നെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതാണ് വിചാരണ കോടതിയുടെ വിധിയിലൂടെ മനസിലാക്കാനാകുന്നത്.