തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് സ്പീക്കർക്ക് പരാതി നല്‍കി. കെ-റെയില്‍ ഡിപിആറിന്റെ പകര്‍പ്പ് സഭയില്‍ നല്‍കി എന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 27-ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് ലംഘിച്ചിട്ടുള്ളത്. അന്‍വര്‍ സാദത്ത് നല്‍കിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്റെ വിശദാംശങ്ങള്‍ ചോദിച്ചത്. ‘തിരുവന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ പാതയുടെ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റേയും റാപ്പിഡ് എന്‍വയോണ്‍മെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോര്‍ട്ടിന്റേയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ? ഇവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ’ എന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ചോദ്യം.

അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയാണ്.’സില്‍വര്‍ ലൈന്‍ പാതയ്ക്കായുള്ള ദ്രുത പരിസ്ഥിതി ആഘാത പഠനം, ഡിപിആര്‍ എന്നിവയുടെ പകര്‍പ്പ് അനുബന്ധമായി (സിഡിയില്‍) ഉള്ളടക്കം ചെയ്യുന്നു. അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്’

എന്നാല്‍, ഡിപിആര്‍ ഉള്ളടക്കം ചെയ്‌തെന്ന് പറഞ്ഞിട്ടും അത് ഇതുവരെ തനിക്ക് ലഭിച്ചില്ലെന്നാണ് അന്‍വര്‍ സാദത്ത് ചൂണ്ടിക്കാണിക്കുന്നത്. മേല്‍പ്പറഞ്ഞ സിഡിയിലെ വിവരങ്ങള്‍ ഇ-നിയമസഭ മുഖേനയോ അല്ലാതെയോ നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. ഇത് സാമാജികന്‍ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും അന്‍വര്‍ സാദത്ത് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.