ജീവിതത്തില്‍ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെ മിക്കവര്‍ക്കും ഉണ്ടാകാം. പക്ഷെ അത് പൂര്‍ത്തിയാക്കാനും ലക്ഷ്യം നേടാനുമൊക്കെ സാധിക്കുക കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്. ഇങ്ങനെ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് എന്തും നേടാന്‍ സാധിക്കുമെന്ന് ഇന്ത്യക്കാര്‍ക്ക് കാണിച്ച് തന്ന രാജ്യം കണ്ട ഏറ്റവും പ്രഗല്‍ഭനായ സംഗീതജ്ഞന്മാരില്‍ ഒരാളാണ് എആര്‍ റഹ്‌മാന്‍. ഓസ്‌കാര്‍ എന്ന വലിയ സ്വപ്‌നം നേടിയെടുത്ത അപൂര്‍വ്വ പ്രതിഭ. റഹ്‌മാന്റെ സംഗീതത്തിന്റെ അകമ്പടിയില്ലാതെ ഇന്ത്യന്‍ ജനതയ്ക്ക് അവരുടെ ജീവിതത്തിന്റെ ഒാരോ ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. റഹ്‌മാന്റെ ഓസ്‌കാര്‍ നേട്ടത്തിന് പിന്നില്‍ മറ്റൊരു സ്വപ്‌നത്തിന്റെ കൂടി കഥയുണ്ട്. പോപ്പ് മാന്ത്രികന്‍ ആയ മൈക്കിള്‍ ജാക്‌സനെ കണ്ടുമുട്ടുക എന്നതായിരുന്നു. വിശേഷങ്ങളൊന്നും വേണ്ടാത്ത രണ്ട് പ്രതിഭകളാണ് റഹ്‌മാനും മൈക്കിള്‍ ജാക്‌സനും. തങ്ങളുടെ അടയാളം ഈ ലോകത്തിന്റെ ചരിത്രത്തില്‍ ശക്തമായി തന്നെ അടയാളപ്പെടുത്തിയവര്‍. മൈക്കിള്‍ ജാക്‌സനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഒരിക്കല്‍ എആര്‍ റഹ്‌മാന്‍ മനസ് തുറന്നിരുന്നു. ഒരിക്കല്‍ തന്റെ മാനേജരോടാണ് ജാക്‌സനുമായുള്ള കൂടിക്കാഴ്ച നടത്താന്‍ റഹ്‌മാന്‍ ആവശ്യപ്പെടുന്നത്.

മൈക്കിള്‍ ജാക്‌സനുമൊത്തൊരു കൂടിക്കാഴ്ച ഒരുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. തന്റെ സുഹൃത്ത് അദ്ദേഹത്തിന് മെയില്‍ അയക്കുമെന്ന് മാനേജര്‍ പറഞ്ഞു” എന്നായിരുന്നു റഹ്‌മാന്‍ പറഞ്ഞത്. എന്നാല്‍ ആ കൂടിക്കാഴ്ച നടന്നില്ല. അതിന് പിന്നില്‍ റഹ്‌മാന്‍ തന്നെയായിരുന്നു. ”ഞാന്‍ ഒരു സെക്കന്റ് ഒന്ന് ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു, ഞാന്‍ ഓസ്‌കാര്‍ നേടിയ ശേഷം അദ്ദേഹം കാണാം. അല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കാണില്ല” റഹ്‌മാന്‍ പറയുന്നു. ഒടുവില്‍ രാജ്യത്തിന് അഭിമാനമായി റഹ്‌മാന്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടി. ഒന്നല്ല രണ്ടെണ്ണം. സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന പാട്ടിനും സംഗീതത്തിനുമായിരുന്നു റഹ്‌മാനെ തേടി ഓസ്‌കാര്‍ എത്തിയത്. പിന്നാലെ തന്റെ ആഗ്രഹം പോലെ തന്നെ റഹ്‌മാന്‍ മൈക്കിള്‍ ജോക്‌സനെ കാണാന്‍ എത്തുകയായിരുന്നു. ആ കൂടിക്കാഴ്ചയെക്കുറിച്ചും റഹ്‌മാന്‍ മനസ് തുറന്നിരുന്നു.

അദ്ദേഹം വാതില്‍ തുറന്നു. തന്റെ ഐക്കോണിക് ആയി മാറിയ ഗ്ലൗസും സണ്‍ ഗ്ലാസും ധരിച്ചിരുന്നു അദ്ദേഹം. രണ്ട് ഓസ്‌കാര്‍ നേടി, ഇന്ത്യ മുഴുവന്‍ അത് ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. അവിശ്വസനീയമായിരുന്നു അത്. ഞങ്ങള്‍ രണ്ട് മണിക്കൂര്‍ സംസാരിച്ചു. സ്‌നേഹത്തെക്കുറിച്ചും വിദ്വേഷത്തെക്കുറിച്ചും അങ്ങനെ ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ജയ് ഹോ പാട്ടിനെക്കുറിച്ച് സംസാരിച്ചു. എന്റെ സംഗീതം പോലെ തന്നെ തന്റെ ഡാന്‍സും ഉളൡ നിന്നും വരുന്നതാണെന്ന് പറഞ്ഞു. പെട്ടെന്ന് അദ്ദേഹം എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ചു. ഞാനാകെ ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്നു” എന്നായിരുന്നു റഹ്‌മാന്‍ പറഞ്ഞത്.