സംവിധായകന്‍ അലി അക്ബര്‍ അടുത്തിടെയാണ് ആ പേര് മാറ്റിയത്. പകരം രാമസിംഹന്‍ എന്ന പേരിലേക്ക് മാറുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത പൊന്നുചാമി എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ കരിയറില്‍ ബ്രേക്ക് നല്‍കിയ സിനിമയെ കുറിച്ച് അദ്ദേഹം പറയുന്നത്.

സുരേഷ് ഗോപിയെ നല്ലൊരു നടനാക്കി മാറ്റുന്നത് പൊന്നുച്ചാമിയാണ്. എല്ലാവരും പറഞ്ഞത് ആ പടം പൊളിഞ്ഞ് പോകും. ഇതെന്തൊരു കാസ്റ്റിങ് ആണെന്ന് ഒക്കെ ആയിരുന്നു. സുരേഷ് ഗോപി നായകനാവുന്ന ആദ്യത്തെ സിനിമയാണ്. അതിന് ശേഷമാണ് അദ്ദേഹത്തിന് സീരിയസ് റോളുകള്‍ ലഭിക്കുന്നത്. റോങ് കാസ്റ്റിങ് ആണെന്ന് പറഞ്ഞ് അന്നും എന്നെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന നടന്‍ അതിലൂടെ തെളിഞ്ഞ് വരികയായിരുന്നു എന്നാണ് അലി അക്ബര്‍ പറയുന്നത്.

അദ്ദേഹം സ്ഥിരം പോലീസ് ഓഫീസറായി തോക്കും കൊണ്ട് നടക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തത്. അത് ഷോള്‍ഡറിന്റെ പ്രത്യേകതയാണ്. ഐപിഎസുകാരുടെ ഷോള്‍ഡര്‍ അതുപോലെ എപ്പോഴും വിരിച്ച് പിടിച്ചിട്ടാണ് ഉണ്ടാവുക. സ്ഥിരമായി അങ്ങനെ ചെയ്യാന്‍ തുടങ്ങിയതോടെ മറ്റ് സിനിമകൡ അഭിനയിക്കുമ്പോള്‍ ഷോള്‍ഡര്‍ ലൂസ് ചെയ്യാന്‍ പറയണമായിരുന്നു. ബോഡി ലാംഗ്വേജ് മാറ്റഇ എടുക്കേണ്ടി വന്നിരുന്നു. ശരിക്കും നടന്‍ മുരളി ചെയ്യേണ്ട വേഷമാണത്. അഡ്വാന്‍സ് വാങ്ങിയതിന് ശേഷം മനേജ് കെ ജയനും മുരളിയും ഒരാഴ്ചയ്ക്ക് മുന്‍പ് ആ സിനിമയില്‍ നിന്നും മാറി.

അഡ്വാന്‍സ് തുക ഞാന്‍ തിരിച്ച് വാങ്ങി. ആ ചതിയിലേക്ക് ഒന്നും ഇനി പോവണ്ടെന്ന് അലി അക്ബര്‍ പറയുന്നു. പിന്നെ ഈ കഥാപാത്രം മുരളി ചെയ്താലേ നന്നാവുകയുള്ളു എന്നാണ് സുരേഷ് ഗോപിയും പറഞ്ഞത്. കാരണം അത്രയും നല്ല വേഷമായിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ ഒരു പേടി സുരേഷ് ഗോപിയ്ക്ക് ഉണ്ടായിരുന്നു. അയ്യോ അത് ശരിയാവില്ല അലി എന്നൊക്കെ അദ്ദേഹം പറഞ്ഞു. പിന്നെ ഞാനത് പറഞ്ഞ് റെഡിയാക്കുകയാണ് ചെയ്തത്. സുരേഷ് ഗോപിയുടെ വേറിട്ട സിനിമയാണത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് ആ പടം ചെയ്തത്. വലിയ റിസ്‌ക് ഒന്നും എടുത്തില്ല. സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.

മനോജ് കെ ജയനും ആദ്യമായി എന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. പിന്നീട് സൂപ്പര്‍സ്റ്റാറായി. അതിന് ശേഷം എന്റെ പടത്തില്‍ അഭിനയിച്ചിട്ടില്ല. ഒരിക്കല്‍ ഞാന്‍ വിളിച്ചിട്ടുണ്ടെങ്കിലും മനോജ് വന്നില്ല. മനോജ് കെ ജയനും താനും ഒന്നിച്ച് പഠിച്ചവരാണ്. ആ ബാച്ചിലുണ്ടായിരുന്ന പലരും സിനിമയിലേക്ക് വന്നവരാണെന്നും സംവിധായകന്‍ പറയുന്നു. സുരേഷ് ഗോപിയ്ക്ക് പുറമേ അശോകന്‍, വിനോദിനി, ചിത്ര, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പൊന്നുച്ചാമി. ടൈറ്റില്‍ കഥാപാത്രമായ പൊന്നുച്ചാമിയെ ആണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.