നേതൃത്വത്തിനെതിരായ വിമർശനം മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗിൽ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‍ലിം ലീഗിൻറെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ.എം ഫവാസ് ,മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് സസ്പെൻഷൻ. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.

ഹരിത വിഷയത്തിലെ നിലപാടിൻറെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് തുറയൂർ ആരോപിച്ചു. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ.

പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പി.എം.എ സലാമിൻറെ ജോലിയെന്നും ലത്തീഫ് പറഞ്ഞു. തന്നെ കാണാൻ വന്ന സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞാണ് ഹരിത വിഷയത്തിൽ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്. നടപടിയുടെ കാര്യം അദ്ദേഹം പറഞ്ഞില്ല. താൻ പങ്കെടുത്ത കഴിഞ്ഞ ലീഗ് സംസ്ഥാന കമ്മറ്റിയിൽ ഈ വിഷയം വന്നില്ല.