ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളില്‍ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് അജഗജാന്തരം. ഒരു പക്കാ ആക്ഷന്‍ എന്റര്‍ടൈനറായി എത്തിയ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. ഒള്ളുള്ളേരു എന്ന ഗാനത്തിന് തിയേറ്ററിലും സോഷ്യല്‍ മീഡിയയിലും വന്‍ വരവേല്‍പ്പും ലഭിച്ചിരുന്നു.

ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് 25 കോടി കഴിഞ്ഞെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടു. റീലീസ് ചെയ്ത് 25 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 25 കോടി കളക്ഷന്‍ മറികടന്നിട്ടുണ്ട്. ആന്റണി വര്‍ഗീയിന്റെ തുടര്‍ച്ചയായ നാലാമത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അജഗജാന്തരം. 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്.

ആനയും ഉത്സവപറമ്പും പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രം ആക്ഷന്‍ സീനുകള്‍ കൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള മാര്‍ക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയില്‍ അഭിനയിച്ച നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററില്‍ എത്തിയത്. കൂടാതെ പഴയ രീതിയില്‍ ഉള്ള നോട്ടീസ് വിതരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലജ്ജാവതി പാട്ടൊപ്പം ആളുകള്‍ തിയേറ്ററുകളില്‍ നൃത്തം ചെയ്തതുപോലെ അജഗജാന്തരത്തിലെ ഒള്ളുള്ളേരി ഗാനത്തിനൊപ്പം ആളുകള്‍ സ്‌ക്രീനിനു മുന്നില്‍ ഡാന്‍സ് ചെയ്യുന്നത് വാര്‍ത്തയായിരുന്നു. ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ചിത്രം തരുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.