മലപ്പുറം : തിരൂരിലെ മൂന്നരവയസ്സുകാരന്റെ മരണം കൊലപാതകം. ക്രൂര മർദ്ദനത്തിന് ഇരയായാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തിരൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ ദമ്പതികളുടെ മകൻ ഷെയ്ഖ് സിറാജാണ് കൊല്ലപ്പെട്ടത്.

ബോധപൂർവ്വം മർദ്ദിച്ചതിന്റെ പാടുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉള്ളത്. ക്രൂരമർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ട്. ഹൃദയത്തിലും വൃക്കകളിലും ചതവും, പരിക്കും ഉണ്ട്. തലച്ചോറിലും ചതവുകളുണ്ട്. ശരീരമാകെ മർദ്ദനമേറ്റ് കലങ്ങിയ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ മുംതാസ് ബീഗത്തെയും, രണ്ടാനച്ഛൻ അർമാനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായാണ് കുട്ടി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലായ കുട്ടിയെ ഇയാളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇതിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് നിന്നാണ് അർമാനെ പോലീസ് പിടികൂടിയത്.

പശ്ചിമ ബംഗാൾ സ്വദേശികളായ കുടുംബം ഒരാഴ്ച മുൻപാണ് തിരൂരിലെ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസം ആരംഭിച്ചത്.