കേരളവും നേപ്പാളും പശ്ചാത്തലമായ തിരിമാലി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വ്യാഴാഴ്ച പുറത്തുവിടും. ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറന്‍സ് ആണ് തിരിമാലി നിര്‍മ്മിക്കുന്നത്.

പുതുമയുളള കഥ, ലക്ഷ്യം ചിരി മാത്രം

ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ്. കൂട്ടുകാരനായി ധര്‍മ്മജന്‍. നാട്ടിലെ പലിശക്കാരന്‍ അലക്‌സാണ്ടറായി ജോണി ആന്റണി. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലി കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യര്‍ അലക്‌സ്. നായകന്റെ അച്ഛന്‍ വേഷത്തിലൂടെ ഇന്നസെന്റിന്റെ ശക്തമായ തിരിച്ചുവരവു കൂടിയാകും തിരമാലി. സലിംകുമാറും ഹരീഷ് കാണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. റാഫി, ഷാഫി തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചളാണ് തിരിമാലിയുടെ സംവിധായകന്‍ രാജീവ് ഷെട്ടി. അന്ന രേഷ്മ രാജന്‍ ആണ് നായിക. അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

സ്വസ്തിമാ കട്ക മലയാളത്തില്‍

നേപ്പാളി സിനിമയിലെ സൂപ്പര്‍ നായികയാണ് സ്വസ്തിമാ കട്ക. ലവ് ലവ് ലവ്, ചാക്ക പഞ്ച 2, ബുള്‍ബുള്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി. ഓസ്‌കര്‍ എന്‍ട്രിയായി നേപ്പാളി സിനിമയില്‍ നിന്ന് പരിഗണിക്കപ്പെട്ട ചിത്രമാണ് ബുള്‍ബുള്‍. ആരാധകരേറെയുള്ള സ്വസ്തിമാ തിരിമാലിയിലെ ഒരു ഗാനരംഗത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. യുവനടന്‍ ഉമേഷ് തമാങ് ആണ് മലയാളത്തില്‍ എത്തുന്ന മറ്റൊരു താരം. നേപ്പാളി സിനിമകളില്‍ സ്വഭാവ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മാവോത്സെ ഗുരുങ്ങും തിരിമാലിയില്‍ ഉണ്ട്.

പാട്ടിലുമുണ്ട് പ്രത്യേകത, സുനിതി ചൗഹാന്‍ മലയാളത്തില്‍

നാലു പാട്ടുകളുമായാണ് തിരിമാലി വരുന്നത്. നിവിന്‍ പോളി, നസ്രിയ ടീമിന്റെ നെഞ്ചോട് ചേര്‍ത്ത് എന്ന പാട്ടിലൂടെ ചുവടുറപ്പിച്ച ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. ശിക്കാരി ശംഭുവിലേയും മധുരനാരങ്ങയിലെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും ശ്രീജിത്തിന്റേതായിരുന്നു. ബാളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകന്‍. ടൈറ്റില്‍ ഗാനം തിരിമാലിയിലെ പ്രധാന അഭിനേതാക്കളായ ബിബിനും ധര്‍മ്മജനും ജോണി ആന്റണിയും ചേര്‍ന്ന് പാടുന്നു എന്ന കൗതുകമുണ്ട്.

നേപ്പാളിലെ ചിത്രീകരണം

ഹിമാലയന്‍ താഴ് വരയിലെ ലുക്‌ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിര്‍ണായകരംഗങ്ങള്‍ ചിത്രീകരിച്ചത്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ കാരണം അതീവ ജാഗ്രതയോടെയായിരുന്നു ചിത്രീകരണമെന്ന് സംവിധായകന്‍ രാജീവ് ഷെട്ടി പറഞ്ഞു. കാഠ്മണ്ഡു ആയിരുന്നു മറ്റൊരു ലൊക്കേഷന്‍. രണ്ടാംഘട്ട ചിത്രീകരണം മണാലിയിലായിരുന്നു. സ്പിത്തി വാലിയിലും പരിസരങ്ങളിലും കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചു.

എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ ലോറന്‍സ് ശിക്കാരി ശംഭുവിനുശേഷം നിര്‍മിക്കുന്ന സിനിമയാണ് തിരിമാലി. കഥ ആവശ്യപ്പെടുന്ന ലൊക്കേഷനുകളില്‍ തന്നെ സിനിമ ചിത്രീകരിക്കാനായത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ് കാസര്‍കോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. സംസ്ഥാന പുരസ്‌കാരം നേടിയ ലിജു പ്രഭാകര്‍ കളറിസ്റ്റ്, അജിത്ത് എ. ജോര്‍ജ് മിക്‌സിങ് എന്നിവരും തിരിമാലിയുടെ അണിയറയിലുണ്ട്.

കലാസംവിധാനം അഖില്‍ രാജ് ചിറയിലും വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്നും നിര്‍വഹിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പി.ആര്‍.ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് ഷാജാസ് അബാസ്. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്, മനു ഡാവിഞ്ചി, ഷിബിന്‍ സി.ബാബു.