ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്‌ക് ധരിക്കാതെവർക്ക് പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ നല്‍കേണ്ടി വരിക. നേരത്തെ ഇത് 200 രൂപയായിരുന്നു.

വെള്ളിയാഴ്ച്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ അഞ്ച് ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

ജില്ലാ കലക്ടര്‍ എസ്.പി. അമൃതാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമായതോടെ തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒമിക്രോണ്‍ വ്യാപനമുണ്ടെങ്കില്‍ പോലും അടച്ചിടുന്നതിന് കുറിച്ച് ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.