മലയാള സിനിമയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനില്‍ ഭയം ഉള്ളതുകൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നും വെളിപ്പെടുത്തിയ നടി പാര്‍വതി തിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് എം.എല്‍.എ കെ.കെ രമ.

പാര്‍വതിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്താനും, നിര്‍ഭയമായി സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ പുറത്തുവിടണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് ഇപ്പോള്‍ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നതെന്നും ആയതിനാല്‍, നിലവിലെ സാഹചര്യത്തില്‍ ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ മിനക്കെടുന്ന മാദ്ധ്യമങ്ങളും അത് അവസാനിപ്പിക്കണമെന്നും കെ കെ രമ വ്യക്തമാക്കുന്നു.

ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമര്‍ശിച്ച കെ കെ രമ, സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും ചോദിച്ചു. നികുതിപ്പണം ചെലവഴിച്ച്‌ പ്രവര്‍ത്തിച്ച കമ്മീഷന്റെ കണ്ടെത്തലുകള്‍ അറിയാന്‍ പൊതു സമൂഹത്തിന് അവകാശമില്ലേ? ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് പരമാവധി മന്ദഗതിയിലാക്കണമെന്ന അജണ്ട നടപ്പിലാക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് പറയാതെവയ്യെന്ന് എം.എല്‍.എ ആരോപിച്ചു.