തിരുവനന്തപുരം ന​ഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന് തുടക്കമായി. പാപ്പനംകോട് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സർവീസ് ഉ​ദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗതമന്ത്രി ആന്റണി രാജു സിറ്റിസർക്കുലർ, സിറ്റി ഷട്ടിൽ സർവീസുകളിൽ ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി. ന​ഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവീസിന്റെ രണ്ടാം ഘട്ടമായാണ് കെഎസ്ആർടിസി സിറ്റി ഷട്ടിൽ.

കെഎസ്ആർടിസിക്ക് പുതു ജീവൻ വച്ചതായി ഫ്ലാ​ഗ് ഓഫ് നിർവഹിച്ച മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയെ രക്ഷിക്കാൻ വകുപ്പ് മന്ത്രിയും, സിഎംഡിയും നൂറ് മൈൽ സ്പീഡിൽ ഓടുകയാണ്. ആ ജാ​ഗ്രത ജീവനക്കാരുടെ ഭാ​ഗത്തും വേണം. പൊതുജനങ്ങൾക്ക് കെഎസ്ആർടിസിയോടുള്ള ഇഷ്ട്ടം വർധിപ്പിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനുവരി 15 വരെ ഒറ്റ സർക്കിൾ സർവീസ് അനുവദിച്ചിരുന്ന 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ നീട്ടിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും അറിയിച്ചു. യാത്രക്കാർ കൂടുതൽ സഹകരിച്ചാൽ ഇനിയും 10 രൂപ ടിക്കറ്റിന്റെ കാലാവധി നീട്ടും. ന​ഗരത്തിൽ പാരിസ്ഥിതിക പ്രശ്നം കുറയ്ക്കാനായി കെഎസ്ആർടിസി ഇനി വാങ്ങുന്ന ഇലക്ട്രിക് ബസുകളും, സിഎൻജി ബസുകളും ന​ഗരത്തിലെ സർവീസിന് നൽകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ആവശ്യപ്രകാരം സർവീസ് ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിയുടെ അന്തിമതീരുമാനം എടുത്തതായും ഏപ്രിൽ മാസം സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.