ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും. നിഖിൽ ജെറിൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിൻറെ നീക്കം. കൊലപാതകം ആസൂത്രിതമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും നിർണായക തെളിവായ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം പറവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത കെ.എസ്.യു യൂണിറ്റ് ഭാരവാഹിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ഇയാൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. നാളെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും