സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുമ്ബോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വര്‍ധിക്കാത്തത് ആശ്വാസമാകുന്നു.

നിലവിലുള്ള രോഗികളില്‍ ഒന്നര ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവുകളും ആവശ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ വീണ്ടും സജ്ജീകരിക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഒരാഴ്ച ചികിത്സയിലുണ്ടായിരുന്ന 28,549 രോഗബാധിതരില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത് 1.5 ശതമാനം പേരെ മാത്രം. രോഗവ്യാപന തോത് ഉയരുമ്ബോഴും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വേണം ഇപ്പോഴത്തെ സാഹചര്യത്തെ കാണാന്‍. നിലവില്‍ 161 രോഗികളാണ് വെന്റിലേറ്ററിലുള്ളത്. ഐ.സി.യുവില്‍ 457 പേരും. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോം ഐസൊലേഷന്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പശ്ചിമ ബംഗാളിലുമാണ് കുടുതല്‍ രോഗികള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി. സംസ്ഥാനങ്ങളിലേ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. ക്ലസ്റ്ററുകളിലും നിരീക്ഷണം ശക്തമാക്കും. കേരളത്തിലെ സാഹചര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ചില മേഖലകളില്‍ നിയന്ത്രണം കൊണ്ടുവന്നേക്കും.