കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 മുതൽ 40 വരെയുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും മന്ത്രി നിർദേശിച്ചു. പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണം. ഗൃഹ ചികിത്സയ്ക്ക് പരിശീലനം നൽകുന്നുണ്ട്. രോഗ വ്യാപനം ഒഴിവാക്കാൻ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഡെൽറ്റ കേസുകളും കൂടുതലാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി .

സ്‌കൂളുകളുടെ കാര്യം സൂക്ഷ്മമായി പരിശോധിക്കും. ക്ലസ്റ്ററുകൾ ഉണ്ടായിട്ടില്ല. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിനോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പാർട്ടി സമ്മേളനങ്ങളിലെ കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് എവിടെ ആയാലും പ്രോട്ടോകോൾ പാലിക്കണമെന്നായിരുന്നു ആരോഗ്യന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടി. പൊതുയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എല്ലായിടത്തും ബാധകമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ 9066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേര്‍ രോഗമുക്തി നേടി.