മിന്നൽ അടിച്ച് അമാനുഷിക ശക്തി സ്വന്തമാക്കിയ ജെയ്‌സന്റെ കഥ നമ്മൾ കേട്ടതാണ്. ‘മിന്നൽ മുരളി’ എന്ന സിനിമയിലെ കഥാപാത്രമാണ് ഇപ്രകാരം അമാനുഷിക ശക്തികൾ ഉപയോഗിച്ച് ലോഹ കമ്പികൾ വളക്കുന്നതും, ഒരു ബസ് ഉയർത്തുന്നതുമെല്ലാം. ഇത് സിനിമയിലെ കാര്യം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരു കൊച്ചുമിടുക്കി ഇത്തരത്തിൽ സ്റ്റീൽ വാതിൽ ഇടിച്ചു ചളുക്കുകയും കൈകൾ ഉപയോഗിച്ച് മരം മുറിക്കുകയും ചെയ്താലോ? വിശ്വസിക്കാൻ പറ്റുന്നില്ലേ? എന്നാൽ സംഗതി സത്യമാണ്. റഷ്യക്കാരിയായ എവ്‌നിക എന്ന പന്ത്രണ്ടുകാരിയാണ് അമാനുഷികമെന്ന് വിശേഷിപ്പിക്കാവുന്ന കഴിവുകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.

എവ്‌നിക തന്റെ കരങ്ങൾ ഉപയോഗിച്ച് മരം ഇടിച്ച് താഴെ ഇടിന്ന വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതിന് മുൻപ് പഞ്ചിംഗിലൂടെ ഒരു സ്റ്റീൽ വാതിൽ എവ്‌നിക ചളുക്കുന്ന വീഡിയോ വൻ ജനശ്രദ്ധ നേടിയതാണ്. വെറും എട്ട് വയസുള്ളപ്പോൾ ഒരു മിനിറ്റിൽ 100 പഞ്ചുകൾ ചെയ്ത് പ്രശസ്തയായിരുന്നു ഈ കൊച്ചു ‘ശക്തിക്കാരി’. പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള ഇവളാണിപ്പോൾ ‘ലോകത്തിലെ ശക്തിയേറിയ പെൺകുട്ടി’ എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.

 

ഗുസ്തി താരമായ അച്ഛൻ രുസ്ത്രമിൽ നിന്നാണ് കൊച്ചു എവ്‌നികയ്‌ക്ക് പരിശീലനം ലഭിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛനെ അനുകരിച്ച ഈ പന്ത്രണ്ടുകാരിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ അച്ഛൻ, അവൾക്കായി പല അവസരങ്ങളും തുറന്ന് നൽകുകയായിരുന്നു. അച്ഛന്റെ നിരന്തരമായ പരിശീലനത്തിലൂടെയും പ്രചോദനത്തിലൂടെയുമാണ് എവ്‌നിക തന്റെ കഴിവുകൾ വളർത്തി എടുക്കുന്നത്.

സാധാരണ പഞ്ചിംഗ് ബാഗുകൾ നൽകാതെ മരത്തിലും സ്റ്റീൽ വാതിലിലും പഞ്ച് ചെയ്ത് മകൾ വളരട്ടെ എന്നാണ് അച്ഛൻ പറയുന്നത്. തനിക്ക് ഗുസ്തി വളരെ ഇഷ്ടമാണെന്നും പഞ്ച് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം വളരെ അധികം ആസ്വദിക്കുന്നുണ്ടെന്നുമാണ് എവ്‌നിക അഭിപ്രായപ്പെടുന്നത്. വളരെ ശക്തിയോടെ ഇടിക്കുമ്പോൾ തനിക്ക് എവിടെ നിന്നോ ഊർജ്ജം ലഭിക്കുന്നുവെന്നും എവ്‌നിക പറയുന്നു.