ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിമുഴക്കിയ വ്യക്തി അറസ്റ്റിൽ. ഫോണിലൂടെയാണ് ട്രംപിനെതിരെ വധഭീഷണിമുഴക്കിയത്.തോമസ് വെൽനിക്കിയെന്ന അമേരിക്കൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുൻപ് 2020 തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ പ്രവർത്തിച്ച വ്യക്തിയാണിയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രംപ് തോൽക്കുകയും താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്നാൽ ആയുധ മുപയോഗിച്ച് അയാളെ താഴെയിറക്കണമെന്ന നിലപാടുകാരനായിരുന്നു ഇദ്ദേഹം. ഒരു അഭിമുഖത്തിൽ ഇദ്ദേഹം ട്രംപിനെ അക്രമിക്കുമെന്ന് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.

ട്രംപിനേയും 12 മറ്റ് രാഷ്‌ട്രീയ നേതാക്കളേയും വെടിവെച്ച്‌ കൊല്ലുമെന്ന ഭീഷണിയാണ് വെൽനിക്കി മുഴക്കിയത്. രണ്ട് തവണയാണ് രഹസ്യാന്വേഷണ വകുപ്പിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം വന്നത്. അയാളേയും കൂടെയുള്ള 12 കുരങ്ങന്മാരേയും ഞാൻ കൊല്ലും. ഇത് ശരിക്കുള്ള ഭീഷണിയാണ്. വന്ന് എന്നെ പിടിച്ചോളൂ എന്ന ശബ്ദ സന്ദേശമാണ് വെൽനിക്കി നൽകിയത്. ഒരു സന്ദേശത്തിൽ ട്രംപിനെ ഹിറ്റ്‌ലറോടും ഉപമിച്ചിട്ടുണ്ട്. ഇയാളിൽ നിന്നും .22 കാലിബറുള്ള തോക്കും പിടിച്ചെടുത്തിട്ടുണ്ട്.