പരീക്ഷണാത്മകമായ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ,സംവിധായകനാണ് വിനയകന്‍. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററുകള്‍ വിനയന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്ററിന് നേരെ വിമര്‍ശനവുമായി വന്ന വ്യക്തിയ്ക്ക് വിനയന്‍ നല്‍കിയ മറുപടി ശ്രദ്ധനേടുന്നു.

നടി വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വര്‍ഷ വിശ്വനാഥിന്റെ കഥാപാത്രത്തിന്റേ പോസ്റ്റര്‍ പങ്കുവച്ചതിനു പിന്നാലെയാണ് വിമര്‍ശനം. ജാനകി എന്ന കഥാപാത്രത്തെയാണ് വര്‍ഷ സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് വിനയന്‍ അവസരം നല്‍കുന്നത് എന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.

‘സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ മുഴുവനും പഴയ നടിയുടെ അനിയത്തി അല്ലെങ്കില്‍ പഴയ നടന്റെ അനിയന്‍.. സിനിമാ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാന്‍സ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം? അതോ പൈസയാണോ പ്രശ്‌നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സത്യന്‍ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയന്‍ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം?’ എന്ന് ഒരാള്‍ കമന്റുമായി എത്തി. ഈ വിമര്‍ശനത്തിന് വിനയന്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

‘നിങ്ങള്‍ പറയുന്നതാണ് മാനദണ്ഡം എങ്കില്‍ കലാഭവന്‍ മണിയേയും ജയസുര്യയേയും മണിക്കുട്ടനേയും സെന്തിലിനേയും ഒന്നും ഞാന്‍ നായകന്മാരാക്കില്ലായിരുന്നല്ലോ?’ എന്നാണ് വിനയന്റെ മറുപടി.

ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പത്തൊന്‍പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ഈ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.