പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ മകനേയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം സോണി ജീവനൊടുക്കിയതാണെന്ന് പോലീസ്.

വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് വലിയ കട ബാധ്യതയാണുണ്ടായിരുന്നത്. സോണി ദീര്‍ഘ നാളുകളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. രണ്ട് ദിവസത്തിന് മുമ്ബ് നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്.

പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. റയാനെ ദമ്ബതികള്‍ ദത്തെടുത്ത് വളര്‍ത്തിയതാണ്. ഇന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ മറ്റ് ദുരൂഹതയില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലായിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്ബത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.

ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.