ബ്രസീലിയ: വെള്ളച്ചാട്ടത്തിന് കീഴില്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് കൂറ്റന്‍ പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഏഴുമരണം.

ബ്രസീലിലെ സുല്‍ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം.

മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. അപകടത്തി​ന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

കൂറ്റന്‍ പാറയുടെ ഒരു​ ഭാഗം ബോട്ടുകള്‍ക്ക് മീതേക്ക് അടര്‍ന്നുവീഴുന്നത് വിഡിയോയില്‍ കാണാം. ബോട്ടുകളില്‍ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഏഴുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാതായി.

 

 

ഒമ്ബതുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. തലക്കും മുഖത്തും പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും ചെറിയ പരിക്കുകളോടെ 23ഓളം പേര്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി റോ​യിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ബ്രസീലിയന്‍ നാവികസേന അറിയിച്ചു. പ്രദേശത്ത് രണ്ടാഴ്ചയായി കനത്ത മഴയുണ്ടായിരുന്നു. ഇതായിരിക്കാം കാരണമെന്ന് അധികൃതര്‍ പറയുന്നു.