വിവാഹമോചിതരായ ദമ്ബതികളില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന മകന്‍ അച്ഛനൊപ്പം പോയതിന് പിന്നാലെ മരിച്ച നിലയില്‍.

കോടതി ഉത്തരവുമായി പുതുവര്‍ഷം അച്ഛനൊപ്പം ആഘോഷിക്കാന്‍ പോയ ഏഴുവയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റലിയിലാണ് സംഭവം. കുട്ടിയുടെ അച്ഛനായ ഡേവിഡ് പൈറ്റോണി അയാളുടെ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഡേവിഡിന് എതിരെ പരാതി നല്‍കിയതിന് ശേഷമാണ് ഭാര്യ പിരിഞ്ഞു താമസിച്ചത്. ജോലിസ്ഥലത്ത് വച്ച്‌ സഹപ്രവര്‍ത്തകനെ കുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

ഭാര്യയോടൊപ്പമാണ് ഡേവിഡിന്റെ മകന്‍ കഴിഞ്ഞിരുന്നത്. പുതുവര്‍ഷത്തില്‍ മകന്‍ തന്നോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ കുട്ടിയ്‌ക്ക് ഇതിന് സമ്മതമല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതി വിധി ഉള്ളതിനാല്‍ പോകാതെ മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല.

കുട്ടി മരിച്ച സമയത്ത് കുട്ടിയും അച്ഛനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു. ഡേവിഡിന്റെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഭാര്യ തന്നെക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെടുകയും, വിവാഹമോചനം നേടാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഡേവിഡ് മകനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

ഇതിന് ശേഷം ഭാര്യയേയും ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഇയാളുടെ ഭാര്യയ്‌ക്ക് കുത്തേറ്റെങ്കിലും ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. ഭാര്യയെ കുത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട ഇയാളെ പോലീസ് വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. മകനെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചതിനാലും, വിവാഹമോചനത്തിന് കേസ് കൊടുത്തത് കൊണ്ടുമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.