പാക് മോഡലിന്റെ പരസ്യ ചിത്രീകരണത്തില്‍ പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. പാക് മോഡല്‍ ഗുരുദ്വാരയില്‍ നടത്തിയ പരസ്യ ചിത്രീകരണം വിവാദമായിരുന്നു. ശിരോവസ്ത്രം ധരിക്കാതെ മോഡല്‍ ഗുരുദ്വാരയില്‍ എത്തിയതാണ് പ്രതിഷേധത്തിന് കാരണം.

വിമര്‍ശനങ്ങള്‍ക്കിടെ പരസ്യ ചിത്രത്തിന് ഫോട്ടോഷൂട്ട് നടത്തിയ മോഡലായ സൗലേഹ ക്ഷമാപണം നടത്തിയിരുന്നു. ഒപ്പം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നടി വിവാദ ചിത്രങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി.തിങ്കളാഴ്ചയാണ് ശിരോവസ്ത്രമില്ലാതെ ഗുരുദ്വാരയില്‍ വെച്ചുനടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ മോഡല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു.

ശിരോമണി അകാലിദള്‍ വക്താവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയുള്‍പ്പടെ നിരവധി പേര്‍ മോഡലിനെതിരെ രംഗത്തുവന്നിരുന്നു. ഗുരുദ്വാരയില്‍ തല മറയ്ക്കുന്നത് നിര്‍ബന്ധമാണെന്നും, ആദരണീയമായ സ്ഥലത്തോടുള്ള ആദരവ് പ്രകടിപ്പിക്കലാണ് അതെന്നും മഞ്ജീന്ദര്‍ സിംഗ് പറഞ്ഞു.