കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണാവത്ത്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പൊലീസിൽ പരാതി നൽകി. എഫ്‌ഐആറിന്‍റെ പകർപ്പടക്കം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.

“മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു.” കങ്കണ കുറിച്ചു.

“എന്‍റെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞാൻ രാജ്യദ്രോഹികൾക്കെതിരെ തുറന്ന് സംസാരിക്കും.” കങ്കണ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് റണാവത്ത് അഭ്യർത്ഥിച്ചു. “നിങ്ങളും (സോണിയ ഗാന്ധി) ഒരു സ്ത്രീയാണ്, നിങ്ങളുടെ അമ്മായിയമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടി. അത്തരം തീവ്രവാദികളിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് ഉടൻ നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് ദയവായി നിർദേശിക്കുക” കങ്കണ പറഞ്ഞു.