ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവയ്ക്കുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ. 2022 വരെ ജാക്ക് ഡോർസെ തന്നെ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.

സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് പറയുന്നു. ‘ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ ഞാൻ അത്യധികം വിശ്വസിക്കുന്നു. ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞു’- ജാക്ക് ഡോർസെ കുറിച്ചു.

പെയ്‌മെന്റ് കമ്പനിയായ സ്‌ക്വെയറിന്റെ തലവൻ കൂടിയാണ് ഡോർസെ. 2008 ൽ ഡോർസെ സിഇഒ സ്ഥാനം രാജിവച്ചിരിന്നുവെങ്കിൽ 2015 ൽ വീണ്ടും മടങ്ങിയെത്തുകയായിരുന്നു.

ഡോണൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെ നിരവധി ധീരമായ പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ ചെയ്തിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നായിരുന്നു ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കിയത്. വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങൾക്കും ട്വിറ്ററിൽ ജാക്ക് ഡോർസെ തുടക്കം കുറിച്ചിരുന്നു.