കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാൻ സംസ്ഥാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ വിജയകരമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തും. സാമൂഹിക അകലം പാലിക്കലും, സാനിറ്റൈസർ, മാസ്‌ക്, ഉപയോഗവും കാര്യക്ഷമമാക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കൊവിഡ് വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അവലോകന യോഗം പരിശോധിക്കും.

സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിലും തീരുമാനമുണ്ടായേക്കും. മരക്കാർ റിലീസിന് മുമ്പ് തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന സിനിമ സംഘടനകളുടെ ആവശ്യവും യോഗം പരിഗണിക്കാനാണ് സാധ്യത.