തിരുവനന്തപുരം: കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ശക്തമായതോടെ കൂടുതല്‍ വിദഗ്ദ ചര്‍ച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും.

ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവി‍ഡ് വിദഗ്ദ സമിതി ചര്‍ച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളം എടുത്തിരിക്കുന്ന തീരുമാനം.

50 മുതല്‍ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളര്‍ച്ച. ഒമിക്രോണ്‍ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്.
കേരളത്തിലാകട്ടെ നിലവില്‍ കൊവി‍ഡ് കേസുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച്‌ കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോണ്‍ വകഭേദം എത്താനിടയായാല്‍ കേസുകള്‍ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവില്‍.