ഇന്ത്യ ഫാഷൻ അവാർഡിൽ “മോസ്റ്റ് സ്റ്റൈലിഷ് പൊളിറ്റീഷ്യൻ” ആയി ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛദ്ദ തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. യുവ നേതാവിനെ പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു.

“ഞങ്ങളുടെ പാർട്ടിയിൽ സത്യസന്ധരും അർപ്പണബോധമുള്ളവരും രാജ്യസ്നേഹികളുമായ നേതാക്കളുണ്ട്. ഇപ്പോൾ, ഏറ്റവും സ്റ്റൈലിഷും ഞങ്ങൾക്കുണ്ട്! അഭിനന്ദനങ്ങൾ രാഘവ് ഛദ്ദ” അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഫാഷൻ ഹീറോകളെ ആഗോള പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുക എന്നതാണ് അവാർഡ് വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ‘രജ്ഞിഗന്ധ സിൽവർ പേൾസ്’ ആണ് അവാർഡിന്റെ ടൈറ്റിൽ സ്പോൺസർ.