കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ തുടങ്ങി 48 പേർ അവാർഡുകൾ ഏറ്റുവാങ്ങി.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. ബെസ്റ്റ് ആക്ടർ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്ടർ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിന് അന്നാ ബെൻ ദൈവത്തോട് നന്ദി പറഞ്ഞു.

 

ചടങ്ങിൽ 2020ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ്, കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഇക്കൊല്ലത്തെ രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്ററിന്റെ പ്രകാശനകർമ്മവും ചടങ്ങിൽ നടന്നു.