മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. നിലവില്‍ 141.90 അടിയാണ് ഡാമിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 11 മണിമുതല്‍ മൂന്ന്, നാല് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അവധിയുള്ള ജില്ലകളില്‍ നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല. തിരുവനന്തപുരത്ത് വെള്ളക്കെട്ടുള്ള റോഡിലെ കുഴിയില്‍ വീണ് മൂന്ന് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നിലെ റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അരമണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത അപകടങ്ങളാണ് സ്ഥലത്തുണ്ടായത്