വത്തിക്കാന്‍ സിറ്റി: ക്രൈസ്തവനായിരിക്കുന്നതിന് ആത്മധൈര്യം ആവശ്യമാണെന്നാണ് യേശു താലന്തുകളുടെ ഉപമയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയില്‍ വെറോണയിൽ സഭയുടെ സാമൂഹ്യ പ്രബോധനോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സ്വാര്‍ത്ഥ മനോഭാവം നിറയുമ്പോള്‍ നാം പരാജയപ്പെടുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ ക്രൈസ്തവ ആത്മീയതയുടെ രൂപരേഖയാണ്. ഒരാളുടെ കഴിവുകൾ എത്രയെന്നോ എന്താണെന്നോ എന്നത് പ്രശ്നമല്ല. അവയെ വർദ്ധിപ്പിക്കുന്നതിന് നിക്ഷേപിക്കാൻ സാഹസികതയോടെ തുനിയണമെന്ന് യേശു ആവശ്യപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു. ഉള്ളത് കാത്തുസൂക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നാം സ്വയം അടച്ചിടുമ്പോൾ, സുവിശേഷത്തിൻറെ ദൃഷ്ടിയിൽ നാം പരാജിതരാണ്. ധീരതയാർന്ന പ്രത്യാശയിൽ മുന്നേറാനുള്ള ആഹ്വാനം ഈ സന്ദേശത്തിലും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു.