കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയെന്ന് ലോകാരോഗ്യസംഘടന. ബി.1.1.529 അഥവാ ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്. ഒമിക്രോണ്‍ അതിവേഗം പകരുന്നുവെന്നാണ് വിലയിരുത്തല്‍.

ഒട്ടേറെത്തവണ ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറക്കുന്നതിനൊപ്പം അതിവേഗം പകരാനും ഇതിന് ശേഷിയുണ്ടെന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടികാണിക്കുന്നത്. നിലവില്‍ ലഭ്യമായ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. നിലവിലെ കൊറോണ വൈറസിന്റെ ഘട‌നയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്സിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

രോഗസ്ഥിരീകരണം ദക്ഷിണാഫ്രിക്കയില്‍

2021 നവംബര്‍ 9ന് സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ അണുബാധ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഒമിക്രോണ്‍ രോഗബാധ വളരെ കൂടുതലും വ്യാപകവുമാണ്. ഇതിനകം പുറത്തു വന്നിട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഒമിക്രോണ്‍ രോഗബാധ ഒരിക്കല്‍ ഉണ്ടായാലും വീണ്ടും ഇതേ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്.

രോഗനിര്‍ണ്ണയ രീതി

ഒരു PCR ടെസ്റ്റ് വഴി ഈ വേരിയന്റിനെ കണ്ടെത്താന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. നിലവിലെ കൊവിഡ് രോഗാണുക്കളെക്കാള്‍ വ്യാപന വേഗതയും ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ഒമിക്രോണിനുണ്ടെന്ന് കണ്ടെത്താനായത് ഈ രോഗനിര്‍ണയ രീതിയിലൂടെയാണ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീന്‍ ഘട‌കം നിലവിലെ കൊറോണ വൈറസില്‍ നിന്നും വളരെയധികം വ്യത്യസ്തമാണെന്നാണ്.

ഈ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും, തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കാനും, വാക്സിനേഷന്‍ പോലെ തെളിയിക്കപ്പെട്ടിട്ടുള്ള രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ലോകാരോഗ്യസംഘടന പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. ഇതേ സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണെന്നും പുതിയ കണ്ടെത്തലുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍

ജനിതകമാറ്റം സംഭവിച്ചിട്ടുള്ള പുതിയ കൊവിഡ് വേരിയന്റുകളെ കണ്ടെത്താനായി ലോകരാജ്യങ്ങള്‍ നിരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. പൊതുവായി ലഭ്യമായിട്ടുള്ള ഒരു ഡാറ്റാബേസിലേക്ക് സമ്ബൂര്‍ണ്ണ വിവരങ്ങളും സമര്‍പ്പിക്കണം. പുതിയ അണുബാധയുമായി ബന്ധപ്പെട്ട പ്രാരംഭ കേസുകള്‍, ക്ലസ്റ്ററുകള്‍ എല്ലാം ലോകാരോഗ്യ സംഘടനക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഒപ്പം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലെ പകര്‍ച്ചാതീവ്രത, രോഗ വ്യാപനം, പൊതുജനാരോഗ്യ-സാമൂഹിക നടപടികളുടെ ഫലപ്രാപ്തി, രോഗനിര്‍ണയ രീതികള്‍, രോഗപ്രതിരോധ പ്രതികരണങ്ങള്‍ എന്നിവ വിലയിരുത്താനും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. വ്യക്തിപരമായ ജാഗ്രത എല്ലാവരും പുലര്‍ത്തണമെന്നത് അത്യന്താപേക്ഷിതമാണ്. വിദേശത്ത് നിന്ന് വരുന്ന വര്‍ ക്വാറന്റൈന്‍ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ : വാക്സിനേഷന്‍ പ്രാധാന്യം

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ‌ട്ടതോ‌‌ടെ രാജ്യങ്ങള്‍ അതിര്‍ത്തി നിയന്ത്രണങ്ങളിലേക്ക് ക‌ടന്നിരിക്കുകയാണ്. വിമാന യാത്രാ നിയന്ത്രണം, ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം, പ്രവേശന വിലക്ക് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ,യുഎഇ തു‌ടങ്ങി നിരവധി രാജ്യങ്ങള്‍ വീണ്ടും കൊണ്ടു വരികയാണ്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പര്യാപ്തമല്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.

യാത്രാ നിയന്ത്രണങ്ങള്‍ക്കപ്പുറം വാക്സിനേഷനാണ് പരമപ്രധാനമെന്ന് സൗത്ത് ആഫ്രിക്കയിലെ പകര്‍ച്ചവ്യാധി വിദ​ഗ്ധന്‍ റിച്ചാര്‍ഡ് ലെസ്സല്‍ പറയുന്നു. വികസിത രാജ്യങ്ങള്‍ പെട്ടന്നു തങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതു കൊണ്ട് മാത്രം കാര്യമില്ല. ആവശ്യത്തിന് വാക്സിന്‍ ഡോസുകള്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ ഇവയെത്തിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നു. മതിയായ വാക്സിനേഷന്‍ ന‌ടക്കാത്തിട‌ത്ത് കൊറോണ വൈറസ് നിരന്തരമായി പരിണമിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പ്രഹരശേഷിയുണ്ടാവുന്ന ഈ വകഭേദം പിന്നീ‌ട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും വാക്സിനേഷന്‍ പൂര്‍ണമായ രാജ്യങ്ങളിലുള്‍പ്പെടെ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും.

ആഗോള വിപണികളിലെ പ്രതിസന്ധി

ലോക രാഷ്ട്രങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആഗോള വിപണികളെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്. ഏഷ്യയിലും യൂറോപ്പിലും യുഎസിലും ഓഹരി വിപണികളിലും ഭീതി പ്രകടമായിരുന്നു. യു.എസ് ഓഹരി സൂചികയായ ഡൗണ്‍ ജോണ്‍സ് 2.5 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്യന്‍ ഓഹരികള്‍ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഗോള തലത്തിലെ ആശങ്ക ഇന്ത്യന്‍ വിപണികളെയും സാരമായി ബാധിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിപ്‌റ്റോകറന്‍സികളും വിപണിയിലെ തിരിച്ചടിയുടെ ചൂടറിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിറ്റ്‌കോയിന്റെ സ്വീകാര്യത 7 ശതമാനം ഇടിഞ്ഞു. എന്നാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഒരു ശതമാനം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില വെള്ളിയാഴ്ച ബാരലിന് 80 ഡോളറില്‍ താഴെയെത്തി.വിലയില്‍ നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തയത്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.