അട്ടപ്പാടിയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശിശുമരണവുമായി ബന്ധപ്പെട്ട് പദ്ധതികളില്‍ പുനപരിശോധന നടത്തുമെന്ന് പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. അട്ടപ്പാടിയിലെ ഓരോ കുടുംബത്തിന്റെയും പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ പരിശോധന നടത്തും. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫണ്ടുകളുടെ വിനിയോഗത്തില്‍ ശരിയായ കാഴ്ചപ്പാട് ഉണ്ടാകണം. ഫണ്ട് വകമാറ്റി ചിലവഴിക്കുന്നില്ല. അട്ടപ്പാടിയിലെ ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ടില്ല. ആര്‍ക്കെങ്കിലും മുടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പണം കിട്ടുന്നില്ലെന്ന പരാതി ആര്‍ക്കുമില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. സ്വയം ഭക്ഷണം പാകം ചെയ്യാന്‍ ആദിവാസികളെ സ്വയം പര്യാപ്തരാക്കും. ജനനി ജന്മരക്ഷാ പദ്ധതിക്ക് പുറമേ കൗമാര പ്രായക്കാര്‍ക്കും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ഊരുകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് മന്ത്രി. അട്ടപ്പാടി വീട്ടിയൂര്‍ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.

നവജാത ശിശുമരണം ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതിയായ ജനനി ജന്മരക്ഷാ മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. മൂന്നുമാസമായി തുക നല്‍കുന്നില്ലെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസികളാശ്രയിക്കുന്ന ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടി വി അനുപമയ്ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.