തിരുവല്ല രൂപതയുടെ പ്രാരംഭകാല വൈദികരില്‍ പ്രമുഖനായിരുന്ന ഫാ. തോമസ് നേര്യമ്പറമ്പില്‍ അന്തരിച്ചിട്ടി നാലു പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ചങ്ങനാശേരി രൂപതയിലെ തുരുത്തി നേര്യമ്പറമ്പില്‍ ഇട്ടി- കൊച്ചേലി ദമ്പതികളുടെ മകനായി 1914 മാര്‍ച്ച് 14-നായിരുന്നു ഫാ. നേര്യമ്പറമ്പിലിന്റെ ജനനം. തുരുത്തി ആരാധനാമഠം വക ലോവര്‍ പ്രൈമറി സ്‌കൂളിലും ചങ്ങനാശേരി എസ്ബി ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നല്ല കുടുംബപശ്ചാത്തലത്തിലു ക്രിസ്തീയ അന്തരീക്ഷത്തിലും വളര്‍ന്ന ഫാ. തോമസിന് എസ്ബി ഹൈസ്‌കൂളില്‍ നടന്ന ധ്യാനം മിഷനറിയാകാന്‍ പ്രേരണ നല്‍കി.

പിതൃസഹോദരന്‍ സിസ്റ്റര്‍ സ്റ്റനിസ്ലാവൂസ് എസ്എബിഎസ് അക്കാലയളവില്‍ മല്ലപ്പള്ളി ആരാധനാമഠത്തില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. മലങ്കര സഭാംഗങ്ങള്‍ കൂടുതലുള്ള മല്ലപ്പള്ളിയിലെ സേവനകാലം സിസ്റ്ററിന്റെ മലങ്കര കുടുംബങ്ങളുമായുള്ള ബന്ധം സുദൃഢമാക്കി. ഫാ. നേര്യമ്പറമ്പിലിന്റെ മിഷന്‍ രംഗത്തേക്കുള്ള ആഗ്രഹം മലങ്കരസമൂഹത്തിലേക്ക് തിരിച്ചുവിടാന്‍ സിസ്റ്റര്‍ സ്റ്റെനിസ്ലാവൂസിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ ചില കാരണങ്ങളുണ്ടായിരുന്നു.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന് കൂടുതല്‍ വൈദികരെ ആവശ്യമുണ്ടെന്നും അതിനാല്‍ മലങ്കര സഭയില്‍ വൈദികനാകുന്നത് കൂടുതല്‍ ദൈവകൃപ ലഭിക്കുന്നതിനുമുള്ള അവസരമാകുമെന്നും സിസ്റ്റര്‍ സ്റ്റെനിസ്ലാവൂസ്, ഫാ നേര്യമ്പറമ്പിലിനെ ബോധ്യപ്പെടുത്തി. തിരുവല്ല മൈനര്‍ സെമിനാരിയിലും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി നേര്യമ്പറമ്പില്‍ തോമസ് ശെമ്മാശന്‍ 1940 ഡിസംബര്‍ 24-ന് വൈദികനായി തിരുവല്ല രൂപതയില്‍ സേവനമാരംഭിച്ചു.

തിരുവല്ല മൈനര്‍ സെമിനാരി റെക്ടര്‍, രൂപത മിനിസ്റ്റര്‍, കോര്‍പറേറ്റ് സ്‌കൂള്‍ കറസ്‌പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ രൂപത സെനറ്റിലും പാസ്റ്ററല്‍ കൗണ്‍സിലിലും അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലിലും രൂപതാ കൗണ്‍സിലിലും അംഗമായി. 1954-ല്‍ തിരുവല്ല രൂപതയുടെ മലബാര്‍ മിഷന്റെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. മാനന്തവാടി കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് മുപ്പതിലേറെ ഇടവകകള്‍ ആരംഭിച്ചു. തിരുവല്ല രൂപതയിലെ കടമാന്‍കുളം, കല്ലൂപ്പാറ, കൂരമ്പാല, ചുങ്കപ്പാറ, ചെത്തോങ്കര, അമയന്നൂര്‍, മാരാമണ്‍, പൂവത്തൂര്‍ എന്നീ ഇടവകകളില്‍ വികാരിയായിരുന്നു. കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളും കൂരമ്പാല, ചെത്തോങ്കര, ചുങ്കപ്പാറ, കടമാന്‍കുളം എന്നീ പ്രദേശങ്ങളിലെ പുതിയ ദൈവാലയങ്ങളും ഫാ. നേര്യമ്പറമ്പില്‍ പണി കഴിപ്പിച്ചതാണ്. വെണ്ണിക്കുളം ഡിസ്ട്രിക്റ്റ് വികാരിയായിരിക്കേ 1981 നവംബര്‍ 28-ന് നിത്യതയിലേക്ക് വിളിക്കപ്പെട്ടു. ഫാ. തോമസ് നേര്യമ്പറമ്പിലിന്റെ നാല്‍പ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 28-ന് മൂന്നു മണിക്ക് തുരുത്തി സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. ആര്‍ച്ച്ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.