അടുത്ത സീസണിലേക്കുള്ള ടീമിൽ പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവരുടെ റിട്ടൻഷൻ പദ്ധതികളെ തകിടം മറിച്ചു എന്നും അതുകൊണ്ട് തന്നെ എല്ലാവരെയും റിലീസ് ചെയ്ത് പുതിയ ടീം കെട്ടിപ്പടുക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നുമാണ് റിപ്പോർട്ടുകൾ.

ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, പേസർ അർഷ്‌ദീപ് സിംഗ്, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിലനിർത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവർക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ലേലത്തിലെത്തുമ്പോൾ പഞ്ചാബിന് 90 കോടി രൂപ ബഡ്ജറ്റ് ഉണ്ടാവും.

നിലനിർത്തേണ്ട താരങ്ങളെപ്പറ്റി സൺറൈസേഴ്സ് ഹൈദരാബാദിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആദ്യ റിട്ടൻഷനായി നിലനിർത്തേണ്ടത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയോ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയോ എന്നതാണ് സൺറൈസേഴ്സിലെ ചോദ്യം. തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തണമെന്ന് റാഷിദ് ആവശ്യപ്പെടുമ്പോൾ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച വില്ല്യംസണെ നിലനിർത്താനാണ് മാനേജ്മെൻ്റിൻ്റെ താത്പര്യം.

ആദ്യ റിട്ടൻഷനും രണ്ടാം റിട്ടൻഷനും തമ്മിലുള്ള ശമ്പള വ്യത്യാസം 4 കോടിയാണ്. അതുകൊണ്ട് തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തുന്ന താരത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കും. ആദ്യ റിട്ടൻഷനായി തന്നെ നിലനിർത്തിയില്ലെങ്കിൽ റാഷിദ് ടീം വിടുമെന്ന സൂചനകളുമുണ്ട്. അങ്ങനെയെങ്കിൽ അത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയാവും.

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും. സഞ്ജുവിന് പുറമേ ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ, യശസ്വി ജെയ്‌സ്വാൾ എന്നിവരിൽ മൂന്ന് പേരെ കൂടി രാജസ്ഥാൻ നിലനിർത്തും. ടീംമുംബൈ ഇന്ത്യൻസിൽ രോഹിതിനും ബുംറയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെയും മുംബൈ നിലനിർത്തിയേക്കും. സൂര്യകുമാർ യാദവിനെ ലേലത്തിൽ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം.

ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൽ തുടരും. രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർക്കൊപ്പം മൊയീൻ അലി, സാം കറൻ എന്നിവരിൽ ഒരു വിദേശതാരവും ടീമിൽ തുടരും. ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നിവരെയാവും നിലനിർത്തുക.