ആലപ്പുഴ: വിവാഹത്തിന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചുവെന്നാരോപിച്ച് ബാലസംഘം സംസ്ഥാന കോ-ഓർഡിനേറ്റർക്കെതിരെ സിപിഎം നടപടി. സിപിഎം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സ്ഥാനത്ത് നിന്ന് ഇയാളെ ഒഴിവാക്കി. സിപിഎം തണ്ണീർമുക്കം ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം, യുവജനകമ്മീഷൻ എന്നിവയുടെ സംസ്ഥാന കോ-ഓർഡിനേറ്ററുമായ മിഥുൻ ഷായെ ആണ് ഏരിയ പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റിയത്. സിപിഎം നടപടിക്ക് പിന്നാലെ പാർട്ടിക്കാരല്ലാത്തവരെ വിവാഹത്തിന് ക്ഷണിച്ചതിൽ സിപിഎമ്മിനോട് മിഥുൻ ക്ഷമ ചോദിച്ചു.

പാർട്ടി പ്രവർത്തകയായ നിമ്മി എലിസബത്തുമായി കഴിഞ്ഞ 15നായിരുന്നു മിഥുന്റെ വിവാഹം. വിവാഹത്തിന് തുഷാർ വെള്ളാപ്പള്ളി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം വിട്ട് ബിഡിജെഎസിൽ ചേർന്ന് മത്സരിച്ച പി.എസ്.ജ്യോതിസ്, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സണൽ സ്റ്റാഫ് അംഗവും നിലവിൽ മുഹമ്മ പഞ്ചായത്ത് അംഗവുമായ ലതീഷ് ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ലതീഷ്. ഇവരെ മൂന്ന് പേരെയും വിവാഹത്തിന് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം നടപടി. ഇവർ മിഥുന്റെ വിവാഹത്തിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധമാണെന്ന് ആരോപിച്ച് ഏരിയ സമ്മേളനത്തിന് തലേന്ന് ലോക്കൽ കമ്മിറ്റി വിളിച്ച് ചേർത്ത് മിഥുൻ ഷായെ ഏരിയ സമ്മേളന പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

എന്നാൽ വിവാഹത്തിൽ ഇവരെ ക്ഷണിച്ചത് മിഥുന്റെ സഹോദരീ ഭർത്താവും എസ്എൻഡിപി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റുമായ മനോജ് ആണെന്ന വാദം അംഗീകരിക്കാതെയാണ് മിഥുനെതിരെ നടപടി എടുത്തതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. അതേസമയം വിവാദം ശക്തമാകുന്നതിനിടെ പാർട്ടിക്കാരല്ലാത്തവരെ വിവാഹത്തിന് ക്ഷണിച്ചതിൽ ക്ഷമ ചോദിച്ച് മിഥുൻ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ, ‘ എന്റെ വിവാഹത്തിൽ തുഷാർ വെള്ളാപ്പള്ളി, ജ്യോതിസ്, ലതീഷ് ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തതിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും ഈ വിഷയത്തിൽ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് എന്നെ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. പാർട്ടി നടപടി അംഗീകരിക്കുന്നു. ഈ സംഭവത്തിൽ സഖാക്കളോട് ക്ഷമ ചോദിക്കുന്നു’