ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. കൊറോണയുടെ ബി.1.1.529 വകഭേദമായ വൈറസിന് ഒമിക്രോൺ എന്ന ഗ്രീക്ക് നാമവും ലോകരോഗ്യസംഘടന നൽകിയിട്ടുണ്ട്.

നിലവിൽ ദക്ഷിണാഫ്രിക്കയുൾപ്പെടെ നാല് രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയുടെ ഡെൽറ്റാ വകഭേദത്തെക്കാൾ അപകടകാരിയായ വൈറസ് അതിവേഗം പടർന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരിൽ മരിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പരിശോധനയിൽ വൈറസിന്റെ എസ് ജീൻ കണ്ടെത്തുകയും പ്രയാസമേറിയതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്‌വാന, ഹോംങ് കോംഗ്, ഇസ്രായേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്.

പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്പ്, അമേരിക്ക, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ എത്തിയവരോട് കൊറോണ പരിശോധന നടത്തണമെന്നും, നിരീക്ഷണത്തിൽ പോകണമെന്നും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

നവംബർ 24 നാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ ബോട്ട്‌സ്‌വാനയിലാണ് വകഭേദo കണ്ടെത്തിയത്. നവംബർ ഒൻപതിന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കൊറോണയുടെ പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ദക്ഷിണാഫ്രിക്ക ആരംഭിച്ചിട്ടുണ്ട്