ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ സര്‍ക്കാര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇവരുടെ ഉന്നമനത്തിനും ജീവിതത്തിനും വേണ്ടി ജോലികളും പദ്ധതികളും സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്നുണ്ട്.

എന്നിരുന്നാലും പൊതു സമൂഹത്തില്‍ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കാന്‍ മടിയുള്ളവരിപ്പോഴുമുണ്ട്. ഈ അംഗീകരിക്കാതിരിക്കലുകളൊന്നും തങ്ങള്‍ക്ക് വിഷയമല്ലെന്ന രീതിയില്‍ ജീവിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ച് കേരള സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണത്തില്‍ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ ട്രാന്‍സ്വുമണാണ് കാസര്‍കോട് സ്വദേശിനി നാദിറ മെഹറിന്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ വാര്‍ത്താ ചാനലായ 24ല്‍ വാര്‍ത്താ അവതാരികയുമായും നാദിറ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എവിടെയും താന്‍ ട്രാന്‍സ്‌വുമണാണെന്ന് പറയാന്‍ മടിയില്ലാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയാണ് നാദിറ മെഹറിന്‍. തന്റെ ഇത്രയും കാലത്തെ ജീവിതം തുറന്ന് പറയുകയാണ് നാദിറ. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറക്കുന്നത്.

പഠനമാണ് എപ്പോഴും നാദിറയുടെ ലക്ഷ്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എംഎ തിയേറ്ററിന് അഡ്മിഷന്‍ ലഭിച്ച സന്തോഷത്തിലാണ് നാദിറ. വിദ്യഭ്യാസം കിട്ടാതെ നിരവധി ട്രാന്‍സ് ജന്റെഴ്‌സിന്റെ ജീവിതം നിരന്തരം ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസമില്ലാത്തത്തിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആരും മാറ്റി നിര്‍ത്തരുത് എന്നൊരു ആഗ്രഹമാണ് മനസില്‍ ഉള്ളത്. അതിനാല്‍ എല്ലാറ്റിനേക്കാള്‍ പ്രധാന്യം വിദ്യാഭ്യാസത്തിനാണ് നല്‍കുന്നത് നാദിറ പറയുന്നു. തന്നെ സംബന്ധിച്ച് മികച്ച വിദ്യഭ്യാസം ഉള്ളതായിരിക്കാം തനിക്ക് അവസരങ്ങള്‍ ലഭിച്ച്‌കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 24 ചാനലിലെ വാര്‍ത്ത വായിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും നാദിറ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നിശ്ചിത മേഖലൃയെന്നൊന്നുമില്ല. ഒരു സ്ത്രീക്കും പുരുഷനും ആവുന്നതെന്തും ഒരു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സാധിക്കും. അത്തരം കഴിവുകള്‍ തനിക്ക് ഒന്നില്‍ കൂടുതല്‍ തെളിയിക്കാന്‍ സാധിച്ചുവെന്നും നാദിറ പറഞ്ഞു. നിലവില്‍ എഐഎസ്എഫ് ന്റെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായും വുമണ്‍ വിങ്ങിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഉയര്‍ത്തിപിടിക്കുന്ന ആശയം താനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് തന്നെയാണെന്നാണ് നാദിറ പറയുന്നത്. കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള റിസര്‍വേഷന്‍ ഉപയോഗിച്ച്‌കൊണ്ട് കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ ഫീസും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠിക്കാന്‍ സാധിക്കുന്ന ആദ്യത്തെ പിജി സ്റ്റുഡന്റ് ആണ് നാദിറ. അത് മുഴുവന്‍ പൂര്‍ത്തിയാക്കിയെന്നും നാദിറ പറയുന്നു. ആ കോളേജിലെ എല്ലാ രീതിയിലുമുള്ള അവസരങ്ങളെയും ഉപയോഗപ്പെടുത്തികൊണ്ട് തന്നെയാണ് തന്റെ പഠനം.

എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും നാദിറ അനുഭവിച്ച ബുദ്ധിമുട്ടുകളുമുണ്ട്. താന്‍ ഇടപെട്ടിരുന്ന എല്ലാ മേഖലയിലും സ്ത്രീക്കും പുരുഷനും മാത്രമാണ് എല്ലാമുള്ളതെന്നും അത് പാടില്ലെന്നും ട്രാന്‍സ്‌ഡെന്‍ഡറുകള്‍ക്കും പ്രത്യേകം സംവരണം വേണമെന്നും നാദിറ പറയുന്നു. വാഷ്‌റൂമും കലോത്സവവുമാണ് ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ എല്ലാം തന്റെ പ്രയത്‌നത്തിന്റെ ഫലം മൂലം നേടിയെടുക്കാന്‍ സാധിച്ചുവെന്നും നാദിറ പറയുന്നു. യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ സ്ത്രീക്കും പുരുഷനുമൊപ്പം ട്രാന്‍സ്‌ജെന്‍ഡറിനും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് നേതിയെടുക്കുകയും ചെയ്തു. കൂടാതെ അതിലൂടെ 23 വര്‍ഷങ്ങള്‍ക്കു ശേഷം കേരള യൂണിവേഴ്‌സിറ്റിയുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് യൂണിവേഴ്‌സിറ്റി കോളേജിന് നേടിക്കൊടുക്കാന്‍ സാധിച്ചത് തന്നിലൂടെയാണെന്നും അതില്‍ സന്തോഷവും അഭിമനവുമുണ്ടെന്നും നാദിറ പറയുന്നു.

എന്നാല്‍ ഏതൊരു മേഖലയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിമ്‌റ്റേഷന്‍സ് ഉണ്ട്. എതൊരു ഫോം എടുത്ത് കഴിഞ്ഞാലും അതില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ന് പ്രത്യേകം ഒരു കോളം ഒന്നും ഉണ്ടാവില്ല. അതുപോലെ തന്നെയാണ് ബാത്‌റൂം. തനിക്ക് ശേഷം വരുന്നവര്‍ക്ക് എങ്കിലും ഒരു സ്‌പെഷ്യല്‍ ബാത്‌റൂം ഉണ്ടാകാന്‍ വേണ്ടി താന്‍ ഒത്തിരി പ്രയത്‌നിച്ചുവെന്നും നാദിറ പറയുന്നു. കൂടാതെ ഇലക്ഷിനുള്‍പ്പെടെ ട്രാന്‍സ്‌പേഴ്‌സണായിട്ട് തന്നെ മത്സരിക്കാന്‍ സാധിച്ചുവെന്നും തുടക്കമായതിനാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും എന്നാല്‍ തനിക്ക് ശേഷം വരുന്നവര്‍ക്ക് ആ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും നാദിറ പറയുന്നു.