ധനസമ്പത്തിൽ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാൽ എന്ന അദാനി.

കഴിഞ്ഞ ഒരു വർഷത്തിനിടെ 55 ബില്യൺ ഡോളർ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാൽ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേർക്കാനായത്. 2020 മാർച്ചിൽ അദാനിയുടെ സമ്പത്ത് 4.91 ബില്യൺ ഡോളറായിരുന്നു. എന്നാലിപ്പോൾ ഇത് 83.89 ബില്യൺ യുഎസ് ഡോളറായാണ് കുതിച്ചുയർന്നത്. അതായത് ഒന്നരവർഷത്തിനിടെ സമ്പത്തിൽ 250 ശതമാനം വർദ്ധനവ്. ഇതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാനായ അദാനിക്ക് ധനസമ്പത്തിൽ ഒന്നാം സ്ഥാനം നേടിയത്.

അദാനി ഗ്രൂപ്പിന് കീഴിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്. അഞ്ച് ലക്ഷം രൂപ മുതൽ മുടക്കി ആരംഭിച്ച കൊച്ചുവ്യവസായത്തിൽ നിന്നാണ് ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച വ്യവസായിയും ശതകോടീശ്വരനുമായി അദാനി മാറിയത്.