മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോർട്ട് സി ഐ ക്ക് അനുകൂലം. സിഐ സി എൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ് പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി.യുവതി ഭർത്താവിനെ സ്റ്റേഷനിൽ വച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു.

അതേസമയം ആലുവ സിഐ സിഎൽ സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ ഉമ്മ ഫാരിസ പറഞ്ഞിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് വളരെ മോശമായ അനുഭവമാണ് മകൾക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവൾ ജീവനൊടുക്കിയതെന്നും ഉമ്മ പറഞ്ഞു.