ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം ഡൽഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തിൽ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്. എൻസിആർ മേഖലയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (എൻഐഎ) യാഥാർത്ഥ്യമാകുക.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. തുടർന്ന് മഹോബയിലും ഝാൻസിയിലും നടക്കുന്ന റാലികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ഇത്.